കോഴിക്കോട്: എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർക്ക് വിടചൊല്ലി കേരളം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. എംടിയുടെ സഹോദര പുത്രനാണ് അന്ത്യകർമങ്ങൾ ചെയ്തത്.
മലയാള സാഹിത്യത്തെ അതിന്റെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് ഉയർത്തിയാണ് എംടി വിടപറയുന്നത്. മലയാളത്തിന്റെ മഹാപ്രതിഭയെ അവസാനമായി ഒരുനോക്ക് കണ്ട്, അന്ത്യാഞ്ജലി അർപ്പിക്കാൻ ധാരാളം ആളുകൾ വീട്ടിലും ശ്മശാനത്തിലുമായി എത്തിയിരുന്നു. പ്രിയപ്പെട്ട കഥാകാരന് കേരളത്തിന്റെ നാനാഭാഗത്ത് നിന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
മന്ത്രിമാരും മറ്റ് സാംസ്കാരിക പ്രവർത്തകരും ശ്മശാനത്തിലെത്തി സംസ്‌കാരചടങ്ങിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിലെത്തി എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം നൊമ്പരത്തോടെ തിരിച്ചറിയുകയാണ് മലയാളികൾ.
വൈകിട്ട് മൂന്നരയോടൊയാണ് പൊതുദർശനം അവസാനിച്ചത്. പൊതുദർശനവും വിലാപയാത്രയും എംടി ആഗ്രഹിച്ചിരുന്നില്ല. എങ്കിലും, പ്രിയപ്പെട്ടവരുടെ സ്നേഹസമ്മർദ്ദത്തിന് കുടുംബം വഴങ്ങുകയായിരുന്നു. ഇതോടെ എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രിയപ്പെട്ടവർ സിതാരയിലേക്ക് ഒഴുകിയെത്തി.