തിരുവനന്തപുരം: നവോത്ഥാനം നിയമം മൂലം അടിച്ചേല്പിക്കേണ്ടതല്ലെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. അതിന് തീരുമാനമെടുക്കാൻ ശേഷിയുള്ള ആചാര്യൻമാർ ഹിന്ദുസമൂഹത്തിലുണ്ടെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതിയുടെ ദക്ഷിണ മേഖലാ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ. ആചാരങ്ങൾ പാലിച്ചുള്ള ഉത്സവ നടത്തിപ്പിന് നേർക്കുള്ള കടന്നുകയറ്റത്തെ വിമർശിക്കുകയായിരുന്നു അവർ.
പൊതുവേ സംഘടിക്കാൻ മടിയുള്ളവരാണ് ഹിന്ദുക്കൾ. എന്നാൽ അവരെ ഒരുമിപ്പിക്കുന്നത് ക്ഷേത്ര ഉത്സവങ്ങളാണ്. ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റണമെന്നാണ് മലബാർ ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ ഉത്സവങ്ങളൊക്കെ ഇല്ലാതാക്കി എങ്ങനെയാണ് ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളായി നിലനിർത്തുന്നതെന്ന് അവർ ചോദിച്ചു. ഈ നാട്ടിലെ സംസ്‌കാരം നിലനിർത്തിക്കൊണ്ടുപോകുന്നത് ക്ഷേത്രങ്ങളിലൂടെയാണ്. നൂറ് ഉത്തരവുകളിലൂടെ ഓരോന്നായി അമർച്ച ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ഉത്സവാദി ആചാരങ്ങളൊക്കെ അതേപടി നിലനിർത്തികൊണ്ടുപോകണം. ആയിരക്കണക്കിന് കലാകാരൻമാർ ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ജയിലിൽ പോയി കിടക്കാൻ കഴിയാത്തതിനാൽ ആനകളെ ഒഴിവാക്കി ഒരു ആനയെ വെച്ച് മാത്രം എഴുന്നെള്ളത്ത് നടത്തുകയാണ് ക്ഷേത്ര ഭാരവാഹികളെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.
നിർബന്ധിച്ച് മതം അനുസരിക്കുന്നവരല്ല ഹിന്ദുക്കൾ. ആരാധനാകേന്ദ്രങ്ങളിൽ പോയില്ലെങ്കിൽ സ്വർഗം കിട്ടില്ലെന്ന് ആരും പറയില്ല. അക്രമിച്ചോ ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ സനാതന ധർമ്മത്തിലേക്ക് കൊണ്ടുവരുന്നതല്ല ഹിന്ദുവിന്റെ പാരമ്പര്യം. അങ്ങനെ വന്നാൽ അതിന് നിലനിൽപുണ്ടാകില്ല. അടുത്ത കാലത്തായി മതം ഉപേക്ഷിച്ചുപോകുന്നത് വലിയ വാർത്തകളായി മാറുന്നുണ്ട്. പക്ഷെ അത്തരം സംഭവങ്ങൾ ഹിന്ദുസമൂഹത്തിൽ കുറവാണ്. ഇത്തരം നിർബന്ധങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.