ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാരച്ചടങ്ങുകളുടെ പേരിൽ കേന്ദ്രസർക്കാരിനെ പഴിചാരിയ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. മൻമോഹൻ സിംഗിന്റെ ചിതാഭസ്മ നിമഞ്ജനത്തിൽ കോൺഗ്രസ് നേതാക്കൾ ആരും പങ്കെടുത്തില്ല.
മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുടെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. സംഭവം വിവാദമായതോടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് പാർട്ടി നേതാക്കൾ പങ്കെടുക്കാഞ്ഞതെന്ന വിചിത്ര ന്യായമുയർത്തി തലയൂരാനാണ് കോൺഗ്രസ് ശ്രമം.
സംസ്‌കാരചടങ്ങുകൾക്ക് ശേഷം കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും പ്രിയങ്ക വാദ്രയും കുടുംബത്തെ സന്ദർശിച്ചിരുന്നുവെന്നാണ് പാർട്ടി നേതാവ് പവൻ ഖേരയുടെ വിശദീകരണം. സംസ്‌കാര ചടങ്ങുകളിൽ കുടുംബാംഗങ്ങൾക്ക് വേണ്ടത്ര സ്വകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ട് ചിതാഭസ്മം ഒഴുക്കുന്ന ചടങ്ങ് അവരുടെ സ്വകാര്യതയ്‌ക്ക് വിടുകയായിരുന്നുവെന്നാണ് പവൻ ഖേര കോൺഗ്രസിന് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
മൻമോഹൻ സിംഗിനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയ നിഗംബോധ് ഘട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് കുടുംബാംഗങ്ങൾ ചിതാഭസ്മം ഏറ്റുവാങ്ങിയത്. പിന്നീട് യമുനാ തീരത്ത് ഗുരുദ്വാരയ്‌ക്ക് സമീപം അസ്ത് ഘാട്ടിലാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. മൻമോഹൻ സിംഗിന്റെ പത്‌നിയും മൂന്ന് മക്കളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിൽ പേരിന് പോലും ഒരു കോൺഗ്രസുകാരനില്ലാത്തത് അങ്ങേയറ്റം ദു:ഖകരമാണെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞു. മാദ്ധ്യമശ്രദ്ധയ്‌ക്കും രാഷ്‌ട്രീയനേട്ടത്തിനും മാത്രമാണ് കോൺഗ്രസ് പ്രത്യക്ഷപ്പെടുകയെന്നും അല്ലാതെ അദ്ദേഹത്തെ മാനിക്കുന്ന ഒരു പരിപാടിയിലും കോൺഗ്രസ് ഉണ്ടാകില്ലെന്നും അമിത് മാളവ്യ വിമർശിച്ചു.
നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു സംസ്‌കാരത്തിന് പിന്നാലെ കോൺഗ്രസ് വിമർശനം ഉയർത്തിയത്. മുൻനിരയിൽ കുടുംബാംഗങ്ങൾക്ക് മൂന്ന് കസേരകൾ മാത്രമേ ഇട്ടുള്ളൂവെന്നടക്കമുള്ള വിമർശനമാണ് കോൺഗ്രസ് നേതാവായ പവൻ ഖേര ഉന്നയിച്ചത്.