ചെന്നൈ: തമിഴ് നടൻ സൂരിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറൻറ് അടച്ചു പൂട്ടമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് പരാതി. മധുര സർക്കാർ രാജാജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശാഖ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനാണ് കളക്ടറെ സമീപിച്ചത്. “അമ്മൻ ഉണവകം” എന്ന പേരിലാണ് റെസ്റ്റോറൻറ് ശ്രംഖല പ്രവർത്തിക്കുന്നത്.
നഴ്‌സസ് ഹോസ്റ്റലിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ഥലം കൈയ്യേറിയാണ് ഹോട്ടലിലേക്ക് ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് ആരോപണം. പച്ചക്കറികൾ അരിയുന്നതെന്നും, ഭക്ഷണം തയ്യാറാക്കുന്നതും ഇവിടെ വെച്ചാണെന്നും പരാതിയിൽ പറയുന്നു. എലി, പൂച്ച എന്നിവ അടുക്കളയിൽ കയറിയിറങ്ങി നടക്കുകയാണെന്നും വൃത്തിഹീനമായ രീതിയിൽ പാചകം ചെയ്യുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഗുണനിലവാരം ഇല്ലാത്ത ഈ ഭക്ഷണമാണ് ആശുപത്രിയിൽ വരുന്ന ഗർഭിണികളും കുട്ടികളും പൊതുജനങ്ങളും കഴിക്കുന്നതെന്നും അതിനാൽ ഹോട്ടൽ അടച്ച് പൂട്ടണം എന്നുമാണ് പരാതിയിൽ പറയുന്നത്.