സിഡ്നി: സിഡ്നിയിലെ അവസാന ടെസ്റ്റിലെ ആദ്യം ദിനവും നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയ 185 റൺസിന് പുറത്താക്കി. 3 ന് 57 എന്ന നിലയിലായിരുന്ന ഇന്ത്യ ചായയ്ക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്ത് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന സെഷനിൽ 78 റൺസെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 98 പന്തിൽ 40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 31 റൺസിന് നാല് വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടാണ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.
സ്വയം മാറിനിൽക്കാൻ തീരുമാനിച്ച ക്യാപ്റ്റൻ രോഹിത്തിന് പകരം
, ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങിയത്. യുവതാരം ശുഭ്മാൻ ഗിൽ ടോപ് ഓർഡറിലേക്ക് മടങ്ങിയെത്തിയപ്പോൾ പേസർ പ്രസിദ്ധ് കൃഷ്ണ ബൗളിംഗ് നിരയിൽ ഇടം പിടിച്ചു. എന്നാൽ ടീമിലെ മാറ്റങ്ങളൊന്നും ഗ്രൗണ്ടിൽ പ്രതിഫലിച്ചില്ല. ഓപ്പണർമാരായിറങ്ങിയ യശസ്വി ജയ്സ്വാളും രാഹുലും 10 ഉം നാലും റൺസെടുത്ത് മടങ്ങി.17 റൺസെടുത്ത് പുറത്തായ കോലി വീണ്ടും നിരാശപ്പെട്ടുത്തി. 98 പന്തിൽ 40 റൺസെടുത്ത പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ നിൽപ്പ് നടത്തിയത്. അവസാനമിറങ്ങിയ ക്യാപ്റ്റൻ ബുമ്ര 17 ബോളിൽ നേടിയ 22 റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയാണ് ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കിയത്. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ 9/1 എന്ന നിലയിലാണ്.