എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ സന്ദർശിച്ച് മമ്മൂട്ടി. എംടിയുടെ കോഴിക്കോട്ടെ വീടായ സിതാരയിലേക്ക് നടൻ രമേശ് പിഷാരടിയോടൊപ്പമാണ് മമ്മൂട്ടി എത്തിയത്. എംടിയുടെ മരണസമയത്ത് വിദേശത്ത് ഷൂട്ടിംഗിലായിരുന്നു താരം. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് എംടിയുടെ വീട്ടിലേക്ക് വരാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നാട്ടിലെത്തിയത്.
‘അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നത്. ഒരിക്കലും മറക്കാനാവില്ല. അത്രേയുള്ളൂ’-എന്നാണ് എംടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കൂടുതലൊന്നും സംസാരിക്കാൻ തയാറാകാതെ വികാരഭരിതനായാണ് അദ്ദേഹം വീട്ടിൽ നിന്നും മടങ്ങിയത്.
എംടിയുടെ വിയോഗവാർത്ത അറിഞ്ഞ്, ഏറെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവച്ചിരുന്നു. “ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’- എന്നായിരുന്നു എംടിയെ അനുശോചിച്ച് മമ്മൂട്ടി കുറിച്ചത്.
എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിലൂടെ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. എംടിയുമായി അടുത്ത ബന്ധം മമ്മൂട്ടിക്കുണ്ടായിരുന്നു.