ചെന്നൈ: വിക്രവണ്ടിയിലെ സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരെ അറസ്റ്റ് ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ എമിൽഡ, വൈസ് പ്രിൻസിപ്പൽ ഡൊമിനിക് മേരി, ക്ലാസ് ടീച്ചർ എയ്ഞ്ചൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ തമിഴ്നാട് സർക്കാർ മരിച്ച കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
യുകെജിയിൽ പഠിക്കുന്ന ലിയ ലക്ഷ്മി (3) സ്കൂൾ വളപ്പിലെ സെപ്റ്റിക് ടാങ്കിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ ടാങ്കിന് മുകളിലെ ഇരുമ്പ് കവർ അഴിഞ്ഞുവീണതിനെ തുടർന്ന് ടാങ്കിലേക്ക് വീഴുകയായിരുന്നു.
അധ്യാപകരും സ്കൂൾ ജീവനക്കാരും ചേർന്ന് ലിയയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പ്രതികരിച്ചിരുന്നില്ല. കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.