ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലനെ തെലുങ്ക് നടൻ അല്ലു അർജുൻ സന്ദർശിച്ചു. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം.തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എഫ്‌ഡിസി) ചെയർമാൻ ദിൽ രാജുവിനൊപ്പമാണ് അല്ലു അർജുൻ ആശുപത്രി സന്ദർശിച്ചത്.
നേരത്തെ, ജനുവരി അഞ്ചിന് അർജുൻ ആശുപത്രി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി റദ്ദാക്കി.താരത്തിന്റെ സന്ദർശനം കണക്കിലെടുത്ത് ആശുപത്രിയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. ആശുപത്രിയിലും പരിസരത്തും ക്രമസമാധാനം നിലനിർത്താൻ സന്ദർശനപദ്ധതി രഹസ്യമായി സൂക്ഷിക്കാൻ രാംഗോപാൽപേട്ട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അല്ലു അർജുന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
പരിക്കേറ്റ ആൺകുട്ടിയെക്കുറിച്ച് തനിക്ക് അതീവ ആശങ്കയുണ്ടെന്ന്നടൻ നേരത്തെ പറഞ്ഞിരുന്നു. കുട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, അവനെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ നിലവിലുള്ള നിയമനടപടികൾ കാരണമാണ് സന്ദർശനം വൈകുന്നതെന്നും അറിയിച്ചു.
ഡിസംബർ 4 ന് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 പ്രദർശിപ്പിച്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടനെ കാണാൻ ആരാധകർ ഒത്തുകൂടിയ സമയത്താണ് ദുരന്തമുണ്ടായത്. തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ എട്ട് വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തെ തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മരിച്ച സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫയൽ ചെയ്ത കേസിൽ അല്ലു അർജുനെ 11-ാം പ്രതിയായി ചേർത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13 ന് താരം അറസ്റ്റിലായി. എന്നാൽ ഡിസംബർ 14ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജനുവരി 3ന് സിറ്റി കോടതി അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചു.