കോട്ടയം: അയ്യപ്പഭക്തരെ ചൂഷണം ചെയ്ത് വഴിപാട് സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നത് പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. ശബരിമല മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ചൂഷണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ ഭക്തരെ കൊടും ചൂഷണത്തിന് വിധേയമാക്കുന്നത് അവിശ്വാസികളായ ഭരണ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും മൗനാനുവാദത്തോടെ ആണ്. ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില നിശ്ചയിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോട്ടയം ജില്ലാ ഭരണകൂടം തന്നെ വ്യാപാരികൾ പ്രതീക്ഷിച്ചതിലും ഉയർന്ന വില നിശ്ചയിച്ചു നൽകി സഹായിച്ചുവെന്നും എൻ ഹരി ചൂണ്ടിക്കാട്ടി.
എന്നാൽ ശബരിമല കർമ്മസമിതിയും അയ്യപ്പ സേവാസമാജവും ബിജെപിയും ഉയർത്തിയ അതിശക്തമായ പ്രതിഷേധവും ഹൈക്കോടതി ഇടപെടലിനെയും തുടർന്ന് പേട്ട തുള്ളൽ സാമഗ്രികളുടെ വില പ്രത്യക്ഷത്തിൽ കുറച്ചു. എങ്കിലും ചൂഷണം തുടരുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നും വരുന്ന അയ്യപ്പഭക്തരോട് മനുഷ്യത്വരഹിതമായ വിലയാണ് ഈടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ്, റവന്യൂ, ആരോഗ്യ, വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂഷണത്തിന് ഒത്താശ ചെയ്യുന്നു. ഭക്ഷണസാധനങ്ങൾക്കും തോന്നുന്ന വിലയാണ് ഈടാക്കുന്നത്. സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രാഥമികമായ അന്വേഷിച്ചാൽ തന്നെ ഈ കൊള്ള പുറത്തുവരും. ചൂഷണത്തിന് എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കുന്നത് ഉദ്യോഗസ്ഥരാണെന്നും കണ്ടെത്താനാവും. കൃത്യമായ രാഷ്‌ട്രീയ നിർദ്ദേശമില്ലാതെ ഇത്തരത്തിൽ പരസ്യമായി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കച്ചവടക്കാർക്ക് കഴിയില്ലെന്നും എൻ. ഹരി പറഞ്ഞു.