ജന്മനക്ഷത്രവും പക്കപ്പിറന്നാളും തിഥികളും അറിയുവാൻ കലണ്ടർ നോക്കി ബുദ്ധിമുട്ടുന്നവരാകും പലരും. ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. ഒരാളുടെ ജനന സമയത്ത് ചന്ദ്രൻ ഏത് നക്ഷത്രമേഖലയിലാണെന്ന് കണക്കാക്കിയാണ് ഒരാളുടെ നക്ഷത്രത്തെ നിർണയിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഒരാൾക്ക് രണ്ട് പിറന്നാളുകളാണ് ഉള്ളത്. ആദ്യത്തേത് വർഷത്തിലൊരിക്കൽ വരുന്ന ആണ്ടുപിറന്നാൾ. മറ്റൊന്ന് മാസന്തോറും വരുന്ന പക്കപ്പിറന്നാൾ. വർഷത്തിലെ ജന്മനക്ഷത്രമാണ് ആണ്ടുപിറന്നാളായി ആഘോഷിക്കുന്നത്. വയസ് തികഞ്ഞ് വരുന്ന പിറന്നാളാണിത്.
ഒരു ദിവസം ഒരു നക്ഷത്രമെന്ന കണക്കിൽ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കും. ഇങ്ങനെ 27 നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജന്മ നക്ഷത്രത്തിൽ ചന്ദ്രൻ വരുന്നതിനെയാണ് പക്കപ്പിറന്നാൾ അഥവാ മാസപ്പിറന്നാൾ എന്നുപറയുന്നത്. ഈ ദിവസങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ കൂടുതൽ പ്രയോജനപ്രദമെന്നാണ് പറയുന്നത്.
ആണ്ടു പിറന്നാൾ ഓർമ്മിക്കാനും കണ്ടെത്താനും എളുപ്പമാണ്. അന്നേ ദിവസം പ്രത്യേക പൂജകളും മറ്റും എല്ലാവരും നടത്തുന്ന പതിവുമുണ്ട്. നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്‌ക്ക് ആഹാരം കൊടുക്കുന്നതും, വൃക്ഷത്തൈ നടുന്നതും വളർത്തുന്നതും പരിപാലിക്കുന്നതും സർവൈശ്വര്യമായാണ് കണക്കാക്കുന്നത്.
പക്കപ്പിറന്നാൾ കണ്ടെത്താൻ ആരും സമയം കണ്ടെത്താറുമില്ല, ഓർക്കാറുമില്ലെന്നതാണ് വാസ്തവം. എന്നാൽ പക്കപ്പിറന്നാളും ആണ്ടു പിറന്നാളും കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇതിന് സഹായിക്കുന്നൊരു കലണ്ടറാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഓരോ നക്ഷത്രത്തിനും പ്രാധാന്യം നൽകിയാണ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. 12 മാസത്തിലും ഓരോ നക്ഷത്രത്തിനും വരുന്ന പക്കപ്പിറന്നാൾ ഇംഗ്ലീഷ് കലണ്ടർ ദിനവും മലയാള മാസ തീയതിയും ഉൾപ്പടെ ഒറ്റനോട്ടത്തിൽ അറിയാൻ കഴിയും. ചാന്ദ്ര മാസക്കണക്കനുസരിച്ചുള്ള തിഥികൾ ക്ഷേത്ര വിശ്വാസിക്ക് ഒഴിച്ച് കൂടാൻ കഴിയാത്തതാണ്. പ്രധാന തിഥികളായ പ്രദോഷം ഷഷ്ഠി, ഏകാദശി ,കാർത്തിക എന്നിവയും കലണ്ടറിലുണ്ട്.
മുപ്പട്ട് ദിനങ്ങളും അമാവാസിയും പൗർണമിയും ഈ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ ഗിരിധരൻ രാമനാട്ടുകരയാണ് ഈ കലണ്ടർ തയ്യാറാക്കിയത്. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര പരിഹാരപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കീഴേടമായ രാമേശ്വരം ശിവക്ഷേത്രത്തിലെ ഉദ്യോഗസ്ഥനാണ് ഗിരിധരൻ രാമനാട്ടുകര. കഴിഞ്ഞ ആറു വർഷമായി അദ്ദേഹം സമാന രീതിയിൽ കലണ്ടർ തയ്യാറാക്കുന്നുണ്ട്.