മുംബൈ: ആർഎസ്എസിനെ പ്രശംസിച്ച് എൻസിപി (എസ്പി) തലവൻ ശരദ് പവാർ. മഹാരാഷ്‌ട്രയിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് അടിസ്ഥാന തലം തൊട്ടുള്ള ആർഎസ്എസിന്റെ സൂക്ഷമമായ പ്രവർത്തനമാണ്. ആദർശത്തിന് വേണ്ടി ജീവിതം അർപ്പിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ അശ്രാന്തമായ പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ ഫലം ബിജെപിക്ക് അനുകൂലമാകുമായിരുന്നില്ല, എൻസിപി എക്സിക്യൂട്ടീവ് യോഗത്തിൽ ശരദ് പവാർ പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ (എംവിഎ) തോൽവിക്ക് കാരണം ആർഎസ്എസിന്റെ സംഘടനാ ശക്തിയാണെന്നും പവാർ പറഞ്ഞു.
എന്തുകൊണ്ട് നമുക്ക് അത്തരത്തിൽ ഒരു സംവിധാനം രൂപീകരിക്കാൻ സാധിക്കുന്നില്ലെന്നും യോഗത്തിൽ പവാർ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർഎസ്എസ് വെച്ച് പുലർത്തിയ അച്ചടക്കത്തെയും തന്ത്രപരമായ സമീപനത്തെയും പവാർ പ്രശംസിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ എല്ലാ വീടുകളിലും സംഘത്തിന്റെയും ബിജെപിയുടെയും സംഘടനാ സമിതി എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച
അഘാഡി നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഫലം വന്ന് ഒന്നര മാസത്തിന് ശേഷമാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം തോൽവിക്ക് പിന്നിലെ കാരണങ്ങൾ അവലോകനം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ പാർട്ടി കാഴ്ചവെച്ചത്.