നൂറ്റാണ്ടുകൾക്ക് ശേഷം, കഴിഞ്ഞ വർഷം ജനുവരിയിലാണ് അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയർന്നത്. നാളെ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ആരംഭിക്കാനിരിക്കേ ഏറെ ചർച്ച ചെയ്യപ്പെടുന്നത് രാമകഥാ മ്യൂസിയമാണ്. ക്ഷേത്രത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് മ്യൂസിയം ഉയരുന്നത്.
രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രസക്ത ഭാഗങ്ങൾ അടങ്ങിയ ഹോളോഗ്രാമാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന്റെ പുരാതന വേരുകൾ ഉൾപ്പടെയുള്ളവ ഇവിടെ ചിത്രീകരിക്കും. 40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് രാമകഥാ മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാകും കെട്ടിടം നിർമിക്കുക. രാമക്ഷേത്ര ട്രസ്റ്റ് ആകും പദ്ധതിക്കായി പണം ചെലവഴിക്കുക. വരുന്ന രണ്ട് വർഷത്തിനുള്ളിൽ മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തിലാണ് പദ്ധതി.
സാങ്കേതികവിദ്യയുടെ മികവിന്റെ പ്രദർശനമാകും രാമകഥാ മ്യൂസിയമെന്ന് പദ്ധതിയുടെ നിർമാണ ചുമതലയുള്ള ടാഗ്ബിൻ സിഇഒ സൗരവ് ഭായ് പറഞ്ഞു. എആർ, വിആർ, എഐ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലൂടെ സന്ദർശകർക്ക് നവ്യാനുഭവം നൽകുകയാണ് ലക്ഷ്യമിടുന്നത്. ചലനത്തിനൊപ്പം സംസാരിക്കുന്ന രാമന്റെ പ്രതിമയാണ് പ്രധാന സവിശേഷത. എല്ലാ പ്രായത്തിലുള്ളവർക്കും മനസിലാകും വിധത്തിലുള്ള രൂപകൽപനയും ഉള്ളടക്കവുമാകും മ്യൂസിയത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഉൾപ്പടെ ഇവിടെ സൂക്ഷിക്കും. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ കണ്ടെത്തിയ പ്രതിമയുടെ ഭാഗങ്ങൾ, തൂണുകൾ, മതിലിന്റെ പാനലുകൾ എന്നിവ ഉൾപ്പടെ 100-ലധികം വസ്തുക്കളാണ് കണ്ടെത്തിയത്. പ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്ന് തെളിയിക്കാൻ സാധിച്ച ശക്തമായ തെളിവുകളായി ഇനിയും അവ മ്യൂസിയത്തിൽ നിലകൊള്ളും.
മൂന്ന് നിലകളിലായി 26 വിഭാഗങ്ങളിലായാണ് മ്യൂസിയം നിർമിക്കുക. ഹോളോഗ്രാഫിക് ചിത്രീകരണവുമുണ്ടാകും. രാമന്റെ കുട്ടിക്കാലവും, വനവാസ കാലവും സഞ്ചരിച്ച വഴികളുമെല്ലാം അക്കാലത്തേത് പോലെ തന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് മ്യൂസിയം നൽകുക. പുതിയ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെ കുറിച്ച് ഉൾപ്പടെ അറിയാൻ സാധിക്കും. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ യാത്ര വിവരിക്കുന്ന ‘ശ്രീരാമ ജന്മഭൂമി സംഘർഷ് യാത്ര’, ഹോളോഗ്രാഫിക് ചിത്രീകരണത്തിലൂടെ അയോദ്ധ്യയുടെ ചരിത്രം, ഹനുമാന്റെ യാത്ര പ്രദർശിപ്പിക്കുന്ന ഐഐടി മദ്രാസിന്റെ ‘ഒഡീസി ഏഫ് ഹനുമാൻ’, രാമക്ഷേത്രത്തിലെ ശ്രീകോവിലിലെ രാംലല്ലയുടെ തത്സമയ ദൃശ്യങ്ങളും കാഴ്ചകളും മ്യൂസിയത്തിൽ കാണാൻ സാധിക്കും.