കൊൽക്കത്ത: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഷാൾ അണിയിച്ചാണ് പി.വി അൻവറിനെ സ്വീകരിച്ചത്. അൻവർ പാർട്ടിയിൽ ചേർന്നതായി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ തൃണമൂൽ സ്ഥിരീകരിച്ചിട്ടുണ്ട്. അൻവറിനെ തൃണമൂൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് എക്‌സ് പോസ്റ്റ്.
അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും തൃണമൂൽ കോൺഗ്രസിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുസേവനത്തോടുള്ള അൻവറിന്റെ സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള വാദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമെന്ന തൃണമൂൽ ലക്ഷ്യത്തെ കൂടുതൽ സമ്പന്നമാക്കുമെന്നാണ് അഭിഷേകിന്റെ പ്രതികരണം.
പുരോഗമന ഇന്ത്യയ്‌ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അഭിഷേക് ബാനർജി പറയുന്നു. മുസ്ലീം ലീഗിന്റെ പിന്തുണയോടെ യുഡിഎഫിൽ എത്താനുള്ള നീക്കങ്ങൾക്കിടെയാണ് തൃണമൂൽ കോൺഗ്രസിലേക്കുള്ള അൻവറിന്റെ ചുവടുമാറ്റം. എഡിജിപി അജിത് കുമാറിനെതിരെയും ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെയും പരസ്യമായി വിമർശിച്ചതോടെയാണ് സിപിഎം സഹയാത്രികനായിരുന്ന അൻവർ എൽഡിഎഫിൽ നിന്ന് പുറത്തുപോയത്.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫുമായി ചേർന്ന് രാഷ്‌ട്രീയ വിലപേശലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെയിലേക്ക് ചേക്കേറി. ഡിഎംകെയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച നിലമ്പൂർ കുരുളായിയിൽ വനവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന്റെ പേരിൽ പ്രതിഷേധിക്കുന്നതിനിടെ അൻവറും അനുയായികളും നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ അന്ന് രാത്രിയോടെ തന്നെ അൻവറിനെതിരെ കേസെടുക്കുകയും ജയിലിലാക്കുകയും ചെയ്തു. പിറ്റേന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ അൻവർ ഇനിയുള്ള പോരാട്ടം യുഡിഎഫുമായി ചേർന്നായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പാണക്കാട് തറവാട്ടിലെത്തി മുസ്ലീ ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുകയും യുഡിഎഫിൽ ചേരുന്നതിലേക്ക് സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ മലപ്പുറത്തെ കോൺഗ്രസ് ജില്ലാ നേതൃത്വം ഉൾപ്പെടെ അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെ ശക്തമായി എതിർത്ത് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഈ ശ്രമവും പാളിയത്.