പത്തനംതിട്ട: മലയാളി അദ്ധ്യാപകൻ രചിച്ച പ്രവാസി രാഷ്‌ട്ര ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ട പന്തളം സ്വദേശിയും എൻഎസ്എസ് കോളജ് അദ്ധ്യാപകനുമായ ഡോ. ആനന്ദരാജ് എഴുതിയ സംസ്കൃത ഗാനമാണ് പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ടത്. ഒഡീഷയിൽ പ്രധാനമന്ത്രി പങ്കെടുത്ത പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലാണ് ഗാനാവതരണം നടന്നത്. വേദിയിൽ വച്ച് തന്നെ അദ്ദേഹത്തെ ഗാനത്തെ കുറിച്ച് വാചാലനായിരുന്നു. ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വത്വ ഗാനമായി ഇത് ആലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതം വിശ്വഗുരുവായി മാറണം, ലോകത്ത് എവിടെ ആയാവും ഭാരതീയർ ഒന്നാണെന്ന തിരിച്ചറിവ്, പ്രവാസി ഭാരതീയരെ ഒന്നിപ്പിക്കുന്ന പ്രബോധനം എന്നിവയെല്ലാം ചേർന്നതായിരുന്നു ആനന്ദരാജിന്റെ വരികൾ. രാഷ്‌ട്രഭക്തി വിളിച്ചൊതുന്നു വരികളിൽ സംസ്കൃതത്തൊടൊപ്പം ഹിന്ദിയും ഉപയോഗിച്ചിട്ടുണ്ട്. ആനന്ദരാജിന്റെ വരികൾക്ക് ഗ്രാമി പുരസ്കാര ജേതാവായ റിക്കികേജാണ് സംഗീതം നൽകിയത്.
തന്റെ വരികളെ പ്രധാനമന്ത്രി അഗീകരിച്ചതിന്റെ സന്തോഷം ആനന്ദരാജ് ജനം ടിവിയോട് പങ്കുവെച്ചു. ഒരു മണിക്കൂർ കൊണ്ടാണ് ഗാനം എഴുതിയത്. സംഗീതം നൽകിയവർ അത് ഭംഗിയാക്കി. മറ്റ് വേദികളിലും പാടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ധ്യാപനത്തിന് പുറമേ ഭാരതീയ ജ്ഞാനവ്യവസ്ഥ, വേദപഠനങ്ങൾ തുടങ്ങിയവയിൽ ആനന്ദരാജ് ഗവേഷണം ചെയ്യുന്നുണ്ട്. എം. ജി സർവ്വകലാശാലയിൽ നിന്ന് മീമാംസയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അജ്മീർ ദയാനന്ദ ഗുരുകുലത്തിൽ നിന്നാണ് അദ്ദേഹം വേദാന്തത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയത്. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.