മുംബൈ: മോഷണശ്രമത്തെ തടയുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നട്ടെല്ലിനും കഴുത്തിനുമൾപ്പടെ കുത്തേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. താരം അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. നിതിൻ ഡാംഗെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാൻ ചികിത്സയിലുള്ളത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടൻ ഒബ്സർവേഷനിലാണ്.
ആറ് തവണയാണ് നടന് കുത്തേറ്റത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. ഗുരുതരമായി പരിക്കേറ്റ കഴുത്തിലും കൈകളിലും പ്ലാസ്റ്റിക് സർജറി ഉൾപ്പടെ ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ നടന്റെ നട്ടെല്ലിൽ കത്തി തറച്ചിരുന്നിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. 2.5 ഇഞ്ച് വലിപ്പമുള്ള മൂർച്ചയേറിയ ഭാഗമാണ് നട്ടെല്ലിൽ തറച്ചത്. കൈകളിലും കഴുത്തിലുമായിരുന്നു മറ്റ് പരിക്കുകളുണ്ടായിരുന്നതെന്നും ഡോ. നിതിൻ ഡാംഗെ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മുംബൈ ബാന്ദ്രയിലുള്ള നടന്റെ അപ്പാർട്ട്മെന്റിലേക്ക് കയറിയ മോഷ്ടാവ് സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച ശേഷം തടയാനെത്തിയ സെയ്ഫ് അലി ഖാനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ മോഷ്ടാവ് രക്ഷപ്പെടുകയും ചെയ്തു. സംഭവസമയത്ത് ഭാര്യ കരീനയും മക്കളും വീട്ടിലുണ്ടായിരുന്നു.
പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയർ എസ്കേപ്പ് സ്റ്റെയർകെയ്സ് വഴിയാണ് അക്രമി അകത്തുകടന്നതെന്ന് പൊലീസ് കണ്ടെത്തി. ബാന്ദ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.