തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ മൃതശരീരം ഏറ്റുവാങ്ങി മഹാസമാധിയായി സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് വിഎസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശരീരം ഏറ്റുവാങ്ങി നെയ്യാറ്റിൻകര നിംസിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വൈകിട്ട് മൂന്നിനും നാലിനുമിടയിൽ ആചാര പ്രകാരം മഹാസമാധി നടത്തുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി.
വലിയ ചടങ്ങായിട്ടാണ് നടത്തുക. ഒരു സാധുവിന് നേരിട്ട അവഹേളനത്തിനുള്ള പ്രായച്ഛിത്തം കൂടിയാണിത്. ഭൗതികദേഹം ജനാവലി ഏറ്റുവാങ്ങും. ഉചിതമായ രീതിയിൽ സംസ്‌കരിക്കും. വിവിധ മഠാധിപൻമാരുടെ സാന്നിദ്ധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. പരിശോധനകളിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പ്രാഥമിക റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വീണ്ടും സമാധിയിരുത്താൻ തീരുമാനിച്ചത്.
അച്ഛന്റെ മഹാസമാധിക്ക് തടസം നിന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മകൻ സനന്തൻ ആവശ്യപ്പെട്ടു. കുടുംബം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയ ആളുകൾക്കെതിരെ നിയമ നടപടി വേണമെന്നും സനന്തൻ ആവശ്യപ്പെട്ടു.
രാവിലെയാണ് ഗോപൻ സ്വാമിയുടെ സമാധിയിലെ സംശയങ്ങൾ പരിശോധിക്കാനും ഉറപ്പുവരുത്താനും പൊലീസ് മൃതശരീരം പുറത്തെടുത്ത് പരിശോധിച്ചത്. വീട്ടുകാർ പറഞ്ഞതുപോലെ ഭസ്മവും കർപ്പൂരവും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ നെഞ്ചുവരെ ഇട്ട് ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു ശരീരം.
വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഗോപൻ സ്വാമി. കഴിഞ്ഞ ദിവസം മക്കൾ വഴിയിൽ പോസ്റ്റർ പതിച്ചതോടെയാണ് സമാധി വിവരം നാട്ടുകാർ അറിഞ്ഞത്. അച്ഛൻ സമാധിയായെന്നും സമാധിസ്ഥലം മറവ് ചെയ്തുവെന്നും ആയിരുന്നു മക്കളുടെ മറുപടി. സമാധിയാകുന്ന സമയം അച്ഛൻ മുൻപേ മനസിലാക്കിയിരുന്നുവെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും ഇളയ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവരുടെ വാക്കുകൾ വിശ്വാസമല്ലെന്ന പരാതികളെ തുടർന്നാണ് ഇന്ന് സമാധി പൊളിച്ച് മൃതശരീരം പുറത്തെടുത്തത്.