മുംബൈ: മുംബൈ- അഹമ്മദാബാദ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി. കഴിഞ്ഞ ദിവസം രാവിലെ 7.29 ന് അഹമ്മബാദാബാദിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്‌ക്ക് 1.50 ന് മുംബൈ സെൻട്രലിൽ എത്തി. തുടർന്ന് 2.45 ന് മുംബൈ സെൻട്രലിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടുകയും ചെയ്തു.130 കിലോമീറ്റർ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം.
കൂടുതൽ പരിശോധനകൾക്ക് ശേഷം റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) അന്തിമ സർട്ടിഫിക്കറ്റ് നൽകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒന്നിലധികം പരീക്ഷണ ഓട്ടങ്ങളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി അധികൃതർ അറിയിച്ചു. അടുത്തയാഴ്ച സർട്ടിഫിക്കറ്റ് നൽകുമെന്നും അതിനുശേഷം സർവീസ് സമയം, റൂട്ട് എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.
യാത്രക്കാർക്കായി മെച്ചപ്പെട്ട സൗകര്യങ്ങളും നൂതന ഫീച്ചറുകളുമാണ് പുതിയ വന്ദേഭാരതിൽ ഒരുക്കിയിരിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി-3 ടയർ കോച്ചുകൾ, 4 എസി-2 ടയർ കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ച് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈപ്പ് എ, സി ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി പ്രത്യേകം ചാർജിംഗ് പോർട്ടുകൾ, മടക്കിവെയ്‌ക്കാവുന്ന സ്നാക്ക് ടേബിൾ, ലൈറ്റിംഗ് സംവിധാനം, ലാപ്ടോപ്പ് ചാർജിംഗ് സജ്ജീകരണം തുടങ്ങിയ സൗകര്യങ്ങളാണ് കോച്ചുകളിൽ ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം, ട്രെയിനിൽ സുഗമമായ സഞ്ചാരത്തിനായി സംയോജിത ഗ്യാങ് വേ, രണ്ടറ്റത്തും ഡോഗ് ബോക്സുകൾ ജീവനക്കാർക്കായി 38 പ്രത്യേക സീറ്റുകൾ എന്നിവയുമുണ്ട്. കൂടാതെ എല്ലാ കൊച്ചുകളിലും അഗ്നിബാധ തടയാനുള്ള ക്രമീകരണങ്ങളുണ്ട്. കാഴ്ച പരിമിതിയുള്ള ആളുകൾക്കായി ബ്രെയിലി നാവിഗേഷൻ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം എസി കോച്ചിൽ 24 സീറ്റുകളും രണ്ടാം എസി കോച്ചിൽ 48 സീറ്റുകളുമാണ് ഉള്ളത്. മൂന്നാം എസി കോച്ചുകളിൽ അഞ്ചെണ്ണത്തിൽ 67 സീറ്റുകളും നാലെണ്ണത്തിൽ 55 സീറ്റുകളുമുണ്ട്.