മുംബൈ: മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യയും നടിയുമായ കരീന കപൂർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരീന കപൂർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മോഷണശ്രമം മാത്രമാണ് നടന്നതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കരീന കപൂർ അഭ്യർത്ഥിച്ചു.
മക്കളായ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ എന്നിവർ ഉൾപ്പെടെ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദർശിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി കരീഷ്മ തന്ന രംഗത്തെത്തിയിട്ടുണ്ട്. ബാന്ദ്രയിലെ സുരക്ഷാ നടപടികളെ കുറിച്ച് കരീഷ്മ ആശങ്ക പ്രകടിപ്പിച്ചു.
“സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഹൗസിംഗ് സൊസൈറ്റിയോട് കഴിഞ്ഞ ഒരു വർഷമായി അഭ്യർത്ഥിക്കുന്നു. നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണം. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള ജീവനക്കാർ ഒട്ടും സജ്ജരല്ല. ഒരു അക്രമി വീടിനുള്ളിൽ കടന്നാൽ വീട്ടിലുള്ളവർക്ക് എങ്ങനെ അവരെ പ്രതിരോധിക്കാനാകും. മുംബൈ പോലുള്ള തിരക്കേറിയ നഗരത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹൗസിംഗ് സൊസൈറ്റി സുരക്ഷ വർദ്ധിപ്പിക്കുമെന്ന് വിശ്വാസമുണ്ടെന്നും” കരീഷ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും വസതിയുടെ എതിർവശത്തെ വീട്ടിലാണ് കരീഷ്മ താമസിക്കുന്നത്. ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഹൗസിംഗ് സൊസൈറ്റിയുടെ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നുവെന്നും കരീഷ്മ പറഞ്ഞു.