വാഷിംഗ്ടൺ ഡിസി: സ്ഥാനാരോഹണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടിക് ടോക് നിരോധനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം നടത്തി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നടന്ന വിജയറാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികളും അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥ ട്രംപ് മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിച്ചതോടെ യുഎസിൽ പ്രവർത്തനം പുനരാരംഭിക്കാൻ ടിക് ടോക്കിന് കഴിഞ്ഞു. എന്നാൽ 90 ദിവസത്തിനകം വ്യവസ്ഥകൾ നടപ്പിലാക്കണമെന്ന കർശന നിർദേശം ട്രംപ് നൽകിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ ടിക് ടോക് വീണ്ടും നിരോധനത്തിലേക്ക് പോകും.
ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ നിരോധനം അമേരിക്കയിൽ പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും ട്രംപിന്റെ ഇടപെടലാണ് നിർണായകമായത്. അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ ബിസനസ് ചൈനയിലേക്ക് പോകുന്നത് തടയുന്നതിനും വേണ്ടി ടിക് ടോക്കിന്റെ 50 ശതമാനം ഓഹരി യുഎസിന് കൈമാറണമെന്നായിരുന്നു ട്രംപ് മുന്നോട്ടുവച്ച വ്യവസ്ഥ. “നമുക്ക് ടിക് ടോക്കിനെ രക്ഷിക്കണം, കാരണം അതുവഴി ഒരുപാട് നിയമനങ്ങൾ സംരക്ഷിക്കാനാകും. നമ്മുടെ ബിസിനസ് ചൈനയ്‌ക്ക് നൽകേണ്ട കാര്യം നമുക്കില്ല. ടിക് ടോക് നിരോധനം എടുത്തുമാറ്റാമെന്ന് ഞാൻ ഉറപ്പുനൽകി, പകരം അവരുടെ പകുതി ഓഹരി യുഎസ്എയ്‌ക്ക് ലഭിക്കും” മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) എന്ന വിജയറാലിക്കിടെ ട്രംപ് പറഞ്ഞു.
പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അതിന്റെ പ്രഭാവം കണ്ടുതുടങ്ങിയിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. “ആരും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും ഇതിനെ ‘ട്രംപ് എഫക്ട്’ എന്ന് വളിക്കുന്നു. യഥാർത്ഥത്തിൽ അത് എന്റെ പ്രഭാവമല്ല, നിങ്ങളുടെ പ്രഭാവമാണ്” ട്രംപ് ചൂണ്ടിക്കാട്ടി.
ജനുവരി 19ന് ടിക് ടോക് നിരോധനം അമേരിക്കയിൽ നിലവിൽ വന്നിരുന്നു. മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് കമ്പനിയുടെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്നും ഇല്ലാത്ത പക്ഷം ടിക് ടോക് നിരോധിക്കുമെന്നും ബൈഡൻ സർക്കാർ പ്രഖ്യാപിച്ചതിന്റെ ഫലമായാണ് നിരോധനം വന്നത്. ഇക്കാര്യം യുഎസ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന് മുന്നിൽ ടിക് ടോക് മുട്ടുമടക്കിയതോടെ സംഭവവികാസങ്ങളിൽ വഴിത്തിരിവായി.