ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 2024 ജനുവരി മുതൽ ഡിസംബർ ആറ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 66 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കർണാടകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് വർഷം മുൻപ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ വ്യാപന തോത് ഇപ്പോൾ കുത്തനെ കുറഞ്ഞെങ്കിലും വൈറസിനെ പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം (66) സംഭവിച്ചത് കേരളത്തിലാണ്. 5,597 പേർക്ക് വൈറസ് ബാധിച്ചു. 2023ൽ 516 മരണമായിരുന്നു റിപ്പോർട്ട് ചെയ്തത്.
2024ൽ കൊവിഡ് മരണം കൂടുതൽ കേരളത്തിലാണെങ്കിലും കേസുകൾ കൂടുതൽ കർണാടകയിലാണ്. 7,252 കൊവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 39 കൊവിഡ് മരണങ്ങളും അവിടെ രേഖപ്പെടുത്തി.
2021 ജനുവരിക്കും 2024 ഡിസംബർ രണ്ടിനുമിടയിൽ, കേരളത്തിൽ 69,095 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്ക്. മരണസംഖ്യയിൽ രണ്ടാമതാണ് കേരളം. മുൻപിലുള്ളത് മഹാരാഷ്‌ട്രയാണ്. ഇവിടെ 99,139 മരണങ്ങൾ രേഖപ്പെടുത്തി.
വളരെ പരിമിതമായ രോഗ നിർണയ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ജനങ്ങളിൽ കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടതായും ആരോഗ്യമുള്ള വ്യക്തിയിൽ കൊറോണ വൈറസ് കാര്യമായ പ്രശ്ങ്ങൾ സൃഷ്ടിക്കില്ലെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.