റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 മാവോയിസ്റ്റുകളിൽ ഒരു കോടി രൂപ വിലയിട്ട നേതാവും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗമായ ജയ്‌റാം എന്ന് വിളിക്കുന്ന ചലപതിയെ ആണ് സുരക്ഷാ സേന വധിച്ചത്. ഛത്തീസ്ഗഢിലെ ഗാരിയബന്ദ് ജില്ലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ടത് ചലപതിയാണെന്ന് ഗാരിയാബന്ദ് എസ്പി നിഖിൽ രാഖേച്ചയും സ്ഥിരീകരിച്ചു. ഇവിടെ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ കൂടാതെ രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചതായി റായ്പൂർ സോൺ ഇൻസ്‌പെക്ടർ ജനറൽ അമരേഷ് മിശ്ര വ്യക്തമാക്കിയിരുന്നു. ഇതോടെ ഏറ്റുമുട്ടലിൽ മൊത്തം 16 നക്‌സലുകൾ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലാണ് സുരക്ഷാ ഏജൻസികൾ.
തിങ്കളാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാസേന ഇപ്പോഴും പ്രദേശത്ത് തെരച്ചിൽ തുടരുന്നുണ്ട്. വെടിവയ്പ് അവസാനിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് 14 മാവോയിസ്റ്റുകളുടെ മൃതശരീരങ്ങൾ കണ്ടെടുത്തത്. ഛത്തീസ്ഗഢ് ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡും സിആർപിഎഫും കോബ്ര ടീമും ഒഡീഷയിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ഛത്തീസ്ഗഢ് – ഒഡീഷ അതിർത്തിമേഖലയാണ് ഗാരിയബന്ദ് ജില്ല.
ചലപതിയെ കൊലപ്പെടുത്താനായത് സുരക്ഷാ ഏജൻസികളുടെ വലിയ വിജയമാണെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ ചിറ്റൂരിൽ നിന്നുള്ള മാവോയിസ്റ്റാണ് ചലപതി. സംഘടനയുടെ ശ്രീകാകുളം കോരാപുത് ഡിവിഷന്റെ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്.
സുരക്ഷാസേനാംഗങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. നക്‌സൽ മുക്ത ഭാരതത്തിലേക്കുള്ള വലിയ വിജയമാണ് സുരക്ഷാ ഏജൻസികൾ കൈവരിച്ചിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. നക്‌സലിസം അതിന്റെ അവസാന ശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.