ല്കനൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ബോളിവുഡ് നടൻ അനുപം ഖേർ. പ്രയാഗ്‌രാജിലെത്തിയ താരം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും പുണ്യസ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അനുപ് ഖേർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
“ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പുണ്യയിടത്ത് സ്നാനം ചെയ്ത വൈകാരിക നിമിഷം. നാമജപങ്ങൾ ഉരിവിട്ട് സ്നാനം ചെയ്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കൃത്യം ഒരു വർഷം മുമ്പ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലും എനിക്ക് ഇതേ അനുഭവമുണ്ടായിരുന്നു”- അനുപം ഖേർ കുറിച്ചു.
View this post on Instagram
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുപം ഖേർ പ്രയാഗ്‌രാജിലെത്തിയത്. ഒരു ആത്മീയയാത്രയിൽ പങ്കുചേരാനാണ് താനിവിടെ എത്തിയതെന്ന് അനുപം ഖേർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുണ്യസ്നാനത്തിനായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും പ്രയാഗ്‌രാജിൽ എത്തിയ ആളുകളെ കാണുമ്പോൾ സന്തോഷം തോന്നുവെന്നും മഹാകുംഭമേള ഇത്രയും സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിക്കുന്നുവെന്നും അനുപം ഖേർ പറഞ്ഞു.
ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സിനിമാ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് ധാരാളം പ്രമുഖരും പ്രയാഗ്‌രാജിലെത്തി പുണ്യസ്നാനം ചെയ്തു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷയ്‌ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.