വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. വിമത ഗ്രൂപ്പിന് പണം നൽകിയതോ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നതോ ആയ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ യുഎസ് പ്രസിഡൻ്റ് ഏജൻസികളോട് ഉത്തരവിട്ടു.ദേശീയ ഇൻ്റലിജൻസ് ഡയറക്ടറുമായും ട്രഷറി സെക്രട്ടറിയുമായും കൂടിയാലോചിച്ച് ഈ വിഷയത്തിലെ സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോട് നിർദേശിച്ചു . അൻസാർ അള്ളാ എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പിന്റെ പദവി സംബന്ധിച്ച് “ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ” റൂബിയോയ്‌ക്ക് 15 ദിവസത്തെ സമയം നൽകി.
തന്റെ ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തി ആദ്യ ദിനങ്ങളിൽത്തന്നെ, ബൈഡൻ ഭരണകൂടം ഇതു റദ്ദാക്കി. യെമനിലെ മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി എന്നാണ് ബൈഡൻ സർക്കാർ ഇതിനു പറഞ്ഞ ന്യായം.
പിന്നീട് ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.