മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മുംബൈയിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ്.
ഇത് വെറുമൊരു സിനിമയല്ലെന്നും എപിക് ആക്ഷൻ എന്റർടെയിനറാണെന്നും മോഹൻലാൽ കുറിച്ചു. എല്ലാ വെല്ലുവിളികളെയും വിജയമാക്കി മാറ്റിയ സംവിധായകൻ നന്ദകിഷോറിനും വൃഷഭയ്‌ക്ക് വേണ്ടി ഒപ്പം നിന്ന എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി. അവിസ്മരണീയമായ ഒരു യാത്രയ്‌ക്ക് തയാറാകൂ. ഈ ദീപാവലിക്ക് തിയേറ്ററുകളിൽ കാണാം- എന്നാണ് മോഹൻലാൽ കുറിച്ചത്.
നന്ദകിഷോർ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ ഏറെ വ്യത്യസ്ത വേഷത്തിലായിരിക്കും മോഹൻലാൽ എത്തുക. ആക്ഷനും പുരാണകഥയും വൈകരാകിതയും കോർത്തിണക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായാണ് വൃഷഭ തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം നിർത്തിവച്ചുവെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നില്ല. ഇതിനിടെയാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചിരിക്കുന്നത്.
വിഷ്വൽ എഫക്ട്, മേക്കിംഗ്, എഡിറ്റിംഗ്, സൗണ്ട് എഫക്ട്, കഥ എന്നിവ ഇതുവരെ കണ്ട ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഒരുക്കുന്നത്. ഏക്താ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, ജൂഹി പരേഖ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.














