തിരുവനന്തപുരം: വന്യമൃഗശല്യം രൂക്ഷമാകുന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ന്യായീകരണത്തിന് ചുവടുപിടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ആനയിറങ്ങുന്നത് ഏതെങ്കിലും പാർട്ടിയുടെയോ മന്ത്രിയുടെയോ കുറ്റമാണോയെന്നും വനംവകുപ്പ് മന്ത്രി രാജിവച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ന്യായീകരണം.
വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. കടുവ, പന്നി, പാമ്പ് ഒന്നിനെയും കൊല്ലാനുള്ള അധികാരമില്ല. ആനയെ കണ്ടാൽ വെടിവച്ച് കൊല്ലാൻ ആർക്കും പറ്റില്ല. പാർട്ടിയുടെയോ ഏതെങ്കിലും മന്ത്രിയുടെയോ കുറ്റം കൊണ്ടാണോ കാട്ടാന നാട്ടിലേക്കിറങ്ങി വരുന്നത്.
വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ എങ്ങനെയെല്ലാം സംരക്ഷിക്കാൻ കഴിയുമോ അതൊക്കെയാണ് സർക്കാർ ചെയ്യുന്നത്. ഏതെങ്കിലും മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോ. നിയമവ്യസ്ഥയ്‌ക്കുള്ളിൽ നിന്നുകൊണ്ട് വന്യമൃഗശല്യം പ്രതിരോധിക്കാനുള്ള നടപടികൾ കൈകൊള്ളുക എന്നതാണ് സർക്കാരിന്റെ തീരുമാനം. ഇതൊരു പാർട്ടി പ്രശ്നമല്ല. എല്ലാവരെയും ബാധിക്കുന്ന പൊതുപ്രശ്നമാണ്. ഒരു മന്ത്രിയും തെറ്റ് ചെയ്തിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
ആളുകൾക്ക് കാട്ടിലൂടെ പോകാൻ അനുവാദം കൊടുക്കുകയും വേണം പക്ഷേ, വന്യമൃഗം ആക്രമിക്കാൻ പാടില്ല എന്നും പറയാൻ എങ്ങനെ സാധിക്കും എന്നായിരുന്നു വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം.















