ഏഴാറ്റുമുഖം: കഴിഞ്ഞ ദിവസം എണ്ണപ്പനത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. മരണം കടുവയുടെ ആക്രമണത്തിലാണെന്നാണ് നിഗമനം.
കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷൻ പതിനഞ്ചാം ബ്ലോക്കിലാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏകദേശം ഒരുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയുടെ മസ്തകത്തിൽ വലിയ മുറിവിന്റെ പാടുണ്ട്.
പ്ലാന്റേഷൻ തോട്ടത്തിൽ കാട്ടാനകൾ കൂട്ടമായി നിൽക്കുന്നത് കണ്ട് തൊഴിലാളികൾ ബഹളംവെച്ച് കാട്ടാനക്കൂട്ടത്തെ ഓടിച്ചപ്പോഴാണ് കാട്ടാനക്കുട്ടിയെ കണ്ടത്.ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറും മലയാറ്റൂർ എവർ ഗ്രീൻ സ്റ്റേഷനിലെ വനപാലകരും പരിശോധന നടത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിനിടെ കാട്ടാനക്കൂട്ടം ഡോക്ടർമാർക്കുനേരേയെത്തി. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയുടെ ആക്രമണത്തിലാണ് കാട്ടാനക്കുട്ടി ചരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.















