പാലക്കാട് കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസി സിപിഎം നേതാവെന്ന് റിപ്പോർട്ട്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന ഷാപ്പിലെ കള്ളിൽ നിന്നാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം കുമാരന്നൂർ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പിന്റെ നടത്തിപ്പുകാരൻ.
ചിറ്റൂർ റെയ്ഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് എക്സൈസ് ശേഖരിച്ച് കള്ള് സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാക്കനാട് ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കഫ് സിറപ്പുകളിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിന്റെ സാമ്പിളിൽ കണ്ടെത്തിയത്.
ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കേസെടുത്തിട്ടും ഷാപ്പ് പൂട്ടിയിട്ടില്ലെന്നാണ് ആക്ഷേപം. ശിവരാജന്റെ ലൈസൻസിയിൽ ഏഴ് ഷാപ്പുകളുണ്ടെന്നും എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ ലോബി ഇവർക്കൊപ്പമാണെന്നും കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. വിമർശനം കടുത്ത സാഹചര്യത്തിൽ ഷാപ്പുകളുടെ ലൈസൻസ് ഉടൻ റദ്ദാക്കുമെന്ന് പ്രതികരിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറും രംഗത്തെത്തിയിട്ടുണ്ട്.















