കൊല്ലം: ചുവന്ന കൊടി ഇല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ സ്ഥിതി തന്നെ മാറിയേനെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. ഈ കൊടി താഴ്‌ത്തിക്കെട്ടാൻ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടി, സിപിഎം പ്രതിനിധി സമ്മേളനത്തിന്റെ പതാക ഉയർത്തിയ ശേഷമായിരുന്നു എ.കെ ബാലന്റെ വാക്കുകൾ.
സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പാർട്ടിയിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്ന സ്ഥലം മുകേഷ് എംഎൽഎയുടെ അസാന്നിദ്ധ്യവും സജീവ ചർച്ചയാണ്. സിപിഎം പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുക്കും.
അതേസമയം സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച എം. വി ഗോവിന്ദൻ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിൽ പ്രധാന വിഷയമായി ഇടം പിടിച്ചിട്ടുണ്ട്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിന്നടക്കം ബിജെപിയിലേക്ക് വോട്ടുകൾ ചോരുന്നു. വോട്ട് ചോർച്ച ഗൗരവത്തോടെ കാണണമെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.















