പത്തനംതിട്ട : പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിയാൻ തീരുമാനിച്ചെന്ന് മുൻ എം എൽ എ എ പത്മകുമാര്‍. ഇതോടെ മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് കലാപക്കൊടി ഉയർത്തിയ എ പദ്മകുമാർ പുറത്തേക്കെന്നു സൂചന ശക്തമായി.
സംഘടനാപരമായ പ്രവർത്തനം പരിശോധിച്ചാണ് പാർട്ടി കഴിഞ്ഞ കാലങ്ങളിൽ വിവിധ ഘടകങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുത്തത് എന്നും ഇപ്രാവശ്യം അതിൽനിന്ന് വ്യത്യസ്തമായ രീതി ഉണ്ടായെന്നും അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചത് എന്നും പദ്മകുമാർ പറഞ്ഞു.
“വികാരപരമായാണ് പ്രതികരിച്ചത്, പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിയാൻ തീരുമാനിച്ചു, സിപിഎമ്മിൽ 75 വയസ്സ് ആകുമ്പോൾ വിരമിക്കേണ്ടതാണ്.ഇപ്പോൾ 66 വയസ്സായി. 9 വർഷം മുൻപേ റിട്ടയർ ആയി എന്ന് കരുതുന്നു, പാർട്ടിയും നടപടി നേരിടാൻ തയ്യാറാണ്” പദ്മകുമാർ പറഞ്ഞു.
വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിൽ തനിക്ക് മാത്രമല്ല അതൃപ്തി എന്നും തുറന്നു പറയാൻ ഒരാൾ ഉണ്ടായി എന്ന് മാത്രമാണെന്നും പദ്മകുമാർ പറഞ്ഞു.
ആദ്യ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച ചതി… വഞ്ചന… അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം എന്ന പ്രതികരണം പിന്‍വലിച്ചെങ്കിലും പത്മകുമാര്‍ പാര്‍ട്ടിക്കെതിരായ നിലപാട് ഇന്നും ആവര്‍ത്തിച്ചതോടെ അദ്ദേഹം പുറത്തേക്കാണ് എന്ന് ഏതാണ്ട് ഉറപ്പായി.















