പാലക്കാട് കുളപ്പുള്ളിയിൽ യന്ത്രമുപയോഗിച്ച് സിമന്റ് ചാക്ക് ഇറക്കിയ സംഭവത്തിൽ CITU ചുമട്ട് തൊഴിലാളികളുടെ ഭീക്ഷണി നേരിടുന്ന വ്യാപാരിക്ക് പിന്തുണ അറിയിച്ച് ബിജെപി. BJP വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലന്റെ നേതൃത്വത്തിൽ ജയപ്രകാശ് എന്ന വ്യാപാരിയെ നേരിൽ കണ്ടാണ് നേതാക്കൾ പിന്തുണ അറിയിച്ചത്. പാർലമെന്റിൽ നോക്കുകൂലിയെ കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശം നടത്തി ദിവസങ്ങൾക്കുള്ളിലാണ് ഇത്തരമൊരു സംഭവമെന്ന് ബിജെപി ഓർമിപ്പിച്ചു.
സിഐടിയു ഭീഷണി അംഗീകരിക്കാൻ ആവില്ലെന്ന് ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ വ്യവസായങ്ങളെ തകർക്കാനാണ് സിപിഎമ്മും തൊഴിലാളി സംഘടനയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാലുമാസം മുമ്പാണ് കുളപ്പുള്ളിയിൽ സിമന്റ് കട നടത്തുന്ന ജയപ്രകാശ് സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാൻ 6 ലക്ഷത്തോളം രൂപ മുടക്കി യന്ത്രം സ്ഥാപിച്ചത്. ഇതിൽ ചാക്ക് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും ഓരോ ചുമട്ടുതൊഴിലാളികളെ നിർത്താമെന്നും പറഞ്ഞു.
എന്നാൽ സിഐടിയു ചുമട്ടുതൊഴിലാളികൾ സ്ഥാപനത്തിൽ എത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും സിഐടിയു ചുമട്ടുതൊഴിലാളികൾ സ്ഥാപനത്തിനു മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു. യന്ത്രം തൊഴിൽ മുടക്കുന്നു എന്ന് ആരോപിച്ച് പന്തൽ കെട്ടി അനിശ്ചിതകാല സമരമാണ് സിഐടിയു ആരംഭിച്ചത്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.















