ശ്രീനഗർ: ജമ്മു വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുവിലെ സാംബ സെക്ടറിന് സമീപത്താണ് സംഭവം. പാകിസ്താൻ റേഞ്ചർമാരുടെ സഹായത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ ചെക്ക്പോസ്റ്റും അതിർത്തി സുരക്ഷാസേന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റശ്രമം തടഞ്ഞുവെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
തെരച്ചിലിനിടെയാണ് അതിർത്തിക്ക് സമീപത്തായി ഭീകരരെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ ചെക്ക് പോസ്റ്റ് തകർക്കുന്ന വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. പാകിസ്താൻ ഭീകരരെ സഹായിക്കുന്നതിന്റെ പ്രധാനതെളിവാണിത്.
ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ വ്യോമാക്രമണങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭീകരരെ കൂട്ടിപിടിച്ചുള്ള നുഴഞ്ഞുകയറ്റശ്രമം. ജമ്മു, പഠാൻകോട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ പാക്പട ലക്ഷ്യമിട്ടിരുന്നു. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലും പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചു. ആക്രമണത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. കൂടാതെ പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കുകയും ചെയ്തു.















