കേരളത്തിലെ പ്രതിഭാധനരായ യുവാക്കള്‍ക്ക് ടെക്, ഇന്നൊവേഷന്‍ മേഖലകളില്‍ വലിയ അവസരങ്ങള്‍ തുറന്നിടുന്നതാണ് ലുലു ട്വിന്‍ ടവറുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
കാക്കനാട് സ്മാര്‍ട്ട്സിറ്റിയില്‍, ലുലു ഐടി ട്വിന്‍ ടവറുകളുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
30,000-ത്തിലധികം ഐടി പ്രൊഫഷണലുകള്‍ക്ക് തൊഴിലൊരുക്കാന്‍ ശേഷിയുള്ള ഈ പുതിയ സംരംഭം, വരും തലമുറ സാങ്കേതികവിദ്യകളുടെയും ആഗോള ഡിജിറ്റല്‍ ബിസിനസുകളുടെയും ഒരു പ്രധാന കേന്ദ്രമായി മാറുമെന്നതില്‍ സംശയമില്ല. കേരളത്തിലെ പ്രതിഭാധനരായ യുവാക്കള്‍ക്ക് ടെക്, ഇന്നൊവേഷന്‍ മേഖലകളില്‍ വലിയ അവസരങ്ങളും ഇത് തുറന്നു കൊടുക്കും-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിന്‍ ടവര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്‌ച്ച കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ട്വിന്‍ ടവര്‍ നാടിന് സമര്‍പ്പിച്ചത്.















