മുംബൈ: മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിനായി പൊതുസുരക്ഷാ ബിൽ പാസാക്കി മഹാരാഷ്‌ട്ര. മാവോയിസ്റ്റ് സ്വാധീനമുള്ള സ്ഥലങ്ങളിൽ പ്രവർത്തിച്ച് മാവോയിസ്റ്റ് സംഘത്തെ പിടികൂടുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് സുരക്ഷാ ബില്ലിന്റെ ലക്ഷ്യം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ബിൽ അവതരിപ്പിച്ചത്.
അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ സർക്കാർ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കാനാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾക്കുപരി ഭീകരവാദപ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഇങ്ങനെയൊരു ബിൽ കൊണ്ടുവന്നിരിക്കുന്നത്.
സിറ്റിംഗ് ഹൈക്കോതി ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ജില്ലാ മജിസ്‌ട്രേറ്റോ പബ്ലിക് പ്രോസിക്യൂട്ടറോ ഉൾപ്പെടുന്ന മൂന്നംഗ അതോറിറ്റിയായിരിക്കും കേസിന് മേൽനോട്ടം വഹിക്കുക. ഇത് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.















