ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്തിമോർച്ചയുടെ സ്ഥാപക നേതാവുമായ ഷിബു സോറൻ അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു.
വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണവിവരം അറിയിച്ചത്.
മൂന്ന് തവണ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2008 ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിൽ എത്തിയത്. ഒടുവിൽ ഈ വർഷം മാർച്ച് 2 മുതൽ മാർച്ച് 11 വരെ പത്ത് ദിവസം മുഖ്യമന്ത്രിയായി.
ഷിബു സോറന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വനവാസി സമൂഹങ്ങളെയും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ പ്രത്യേക അഭിനിവേശമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുശോചനം സന്ദേശത്തിൽ പറഞ്ഞു.















