ബന്ദിപ്പൂർ: ആനയൊടൊപ്പം സെൽഫിയെടുക്കാൻ ശ്രമം, മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചു കർണാടകയിലെ ബന്ദിപ്പൂരിലാണ് സംഭവം. തലനാരിഴ്യ്‌ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
ബന്ദിപ്പൂർ-മുതുമല റോഡിലാണ് സംഭവം നടന്നത്. വാഹനം നിർത്തുന്നതിന് നിരോധമുള്ള പ്രദേശത്താണ് സെൽഫി ശ്രമം നടന്നത്. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാറിൽ നിന്നും ഇറങ്ങി ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കവേയാണ് ആന യുവാവിനെ ആക്രമിക്കുന്നത്. ഇയാൾക്കൊപ്പം വെറെയും ആളുകളുണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ദിപ്പൂരിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആനയുമായി സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ചാമരാജ നഗർ ജില്ലായിലായിരുന്നു സംഭവം നടന്നത്.















