ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഭാര്യ സുചിത്രയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉർവശിയും ഏറ്റുവാങ്ങി.
ഇത്തരമൊരു നിമിഷം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാൽ പറഞ്ഞു. ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. 2023-ലെ പരമോന്നത പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്.
കരാഘോഷത്തോടെയാണ് മോഹൻലാലിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. താരത്തെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. “താങ്കൾ ഒരു ഉഗ്രൻ നടൻ” എന്നാണ് കേന്ദ്രമന്ത്രി മോഹൻലാലിനോട് പറഞ്ഞത്. പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെ മോഹൻലാലിന്റെ സിനിമാജീവിതം സദസിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
സെപ്റ്റംബർ 20-നാണ് ദാദാ സാഹേബ് പുരസ്കാരം പ്രഖ്യാപിച്ചത്. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.















