ഒട്ടാവ: ഖലിസ്ഥാൻ ബന്ധമുള്ള ലോറൻസ് ബിഷ്‌ണോയി ക്രിമിനൽ ഗ്യാംങിനെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരനേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ബിഷ്‌ണോയി നേതൃത്വം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. വിദേശരാജ്യം മറ്റൊരു രാജ്യത്തെ ക്രിമിനൽ സംഘത്തെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നത് അപൂർവ സംഭവമാണ്.
ഭീകര സംഘടനയായി പ്രഖ്യാപിച്ചതോടെ ലോറൻസ് ബിഷ്‌ണോയി ഗ്രൂപ്പിന്റെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സാധിക്കും. കൂടാതെ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും കഴിയും.
ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ലോറൻസ് ബിഷ്‌ണോയി ഗ്രൂപ്പിനെതിരെ കൃത്യമായി നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് കാനഡ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു.
പഞ്ചാബിലെ ചെറുഗ്രാമത്തിൽ ജനിച്ചു വളർന്ന ലോറൻസ് ബിഷ്‌ണോയി എന്ന 32 കാരൻ കാനഡയിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ക്രിമിനൽ സിണ്ടിക്കേറ്റിന്റെ തലവനായത് അതിവേഗമാണ്. 2022-ൽ പഞ്ചാബി റാപ്പർ സിദ്ധു മൂസ് വാല, ബാബ സിദ്ദിഖി കൊലപാതകങ്ങൾക്ക് പിന്നിലും സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലും ഇതേ സംഘമാണ്. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ബിഷ്ണോയി. ഇപ്പോൾ ഗോൾഡി ബ്രാർ, രോഹിത് ഗോദാര തുടങ്ങിയവരാണ് സംഘത്തെ നിയന്ത്രിക്കുന്നത്.















