ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഐഎസ് ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ല് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലും മദ്ധ്യപ്രദേശിലുമാണ് റെയ്ഡ് നടന്നത്.
ഐഇഡിയുടെ അവസാനഘട്ട നിർമാണത്തിലായിരുന്നു ഇരുവരും. ചാവേറാക്രമണത്തിന് വേണ്ട പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ഐഎസ് ഭീകരരുമായി യുവാക്കൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജൻസ്, സുരക്ഷാ ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്.















