കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയുണ്ടായ കേസാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ബെഞ്ച് റദ്ദാക്കിയത്. 2009-ല്‍ നടന്നുവെന്ന് പറഞ്ഞ സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. പരമാവധി രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ സംഭവം നടന്ന് മൂന്നുവര്‍ഷത്തിനകം പരാതി നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
2009-ല്‍ നടന്നുവെന്ന് പറഞ്ഞ സംഭവത്തില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ നടി പരാതി നല്‍കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ പരാതി.
കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ചര്‍ച്ചയ്‌ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു രഞ്ജിത്തിനെതിരായ കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓഡിഷനായാണ് നടിയെ വിളിച്ചുവരുത്തിയത്.















