ന്യൂഡൽഹി: അനിൽ അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 3,084 കോടി രൂപയുടെ 40 ലധികം ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
ബാന്ദ്ര വെസ്റ്റ് പാലി ഹിൽസിലെ വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെന്റർ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വസ്തുവകകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ഭൂമി എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ബന്ധപ്പെട്ടാണ് അന്വേഷണം. 2017-ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്‌ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ തെളിവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻറെ മറ്റ് സ്ഥാനങ്ങളിലേക്കും ഇഡി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.















