ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ ചാവേർ ഉമർ നബിയെ സഹായിച്ച കശ്മീരി യുവാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കാർ വാങ്ങാൻ സഹായിച്ച അമീറിനെ പത്ത് ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ചെങ്കോട്ടയിൽ ആക്രമണം നടത്താൻ അമീറും ഗൂഢാലോചന നടത്തിയിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു.
സ്ഫോടനം നടന്ന കാർ അമീറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചാണ് അമീറിനെ അറസ്റ്റ് ചെയ്തത്. ഉമറിനെ സഹായിക്കാനായി അമീർ ഡൽഹിയിലേക്ക് വന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിൽ ഘടിപ്പിക്കാവുന്ന സ്ഫോടകവസ്തു കൊണ്ടുവന്നതും അമീറാണ്.
ഉമറും അമീറും തമ്മിൽ സജീവമായി ഗൂഢാലോചന നടത്തിയിരുന്നതായാണ് കണ്ടെത്തൽ. ഇരുവരും ഒരുമിച്ചാണ് ചെങ്കോട്ടയ്‌ക്ക് സമീപം ആക്രമണം നടത്താൻ പദ്ധതിയിട്ടത്. ഉമറിന്റെ മറ്റൊരു വാഹനവും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അന്വേഷണം പുരോഗമിക്കുകയാണ്. 73-ലധികം സാക്ഷികളിൽ നിന്ന് എൻഐഎ ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.















