മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയ്ർമാൻ അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. നവി മുംബൈ, ചെന്നൈ, പുനെ, ഭൂവനേശ്വർ എന്നിവിടങ്ങളിലെ 1400 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ രണ്ട് തവണ അനിൽ അംബാനിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യിലിന് ഹാജരായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
ജയ്പൂർ-രീംഗസ് ഹൈവേ പ്രോജക്ടിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇഡിയുടെ ആരോപണം. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായി ഇഡി വ്യക്തമാക്കി. 600 കോടിയിലധികം വരുന്ന ഹവാല ശൃംഖലയുടെ ഭാഗമാണ് ഇതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
നേരത്തെ, 7500 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കേസിൽ അന്വേഷണം തുടരുകയാണ്.















