ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലത്തിന്റെ ജാഗ്രത നിർദ്ദേശം. വ്യാജ സമൻസ് ഉപയോഗിത്ത് പണം തട്ടുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സമൻസിന്റെ ആധികാരികത പരിശോധിക്കാൻ സഹായിക്കുന്നതിനുള്ല സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
ക്യുആർ കോഡും ഒരു സവിശേഷ പാസ്‌കോഡും ഉൾപ്പെടുന്ന ഒരു സിസ്റ്റം-ജനറേറ്റഡ് സമൻസുകളാണ് ഇഡി നൽകുന്നത്. അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ് മറ്റ് രീതിയിൽ സമൻസ് അയയ്‌ക്കുന്നത്. ഓരോ ഔദ്യോഗിക സമൻസിലും ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഒപ്പ്, സ്റ്റാമ്പ്, ഇമെയിൽ വിലാസം, കത്തിടപാടുകൾക്കുള്ള ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ വിശദാംശങ്ങൾ പരിശോധിച്ചോ ആധികാരികത ഉറപ്പു വരുത്താൻ സാധിക്കും.
QR കോഡ് വഴി ED സമൻസ് എങ്ങനെ പരിശോധിക്കാം
1. സമൻസിൽ അച്ചടിച്ചിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക.
2. സമൻസിന്റെ അടിയിൽ അച്ചടിച്ചിരിക്കുന്ന പാസ്‌കോഡ് നൽകുക.
3. വിശദാംശങ്ങൾ സാധുവാണെങ്കിൽ, സമൻസ് ലഭിച്ച വ്യക്തിയുടെ പേര്, ഉദ്യോഗസ്ഥന്റെ പേര്, പദവി, ഇഷ്യൂ ചെയ്ത തീയതി എന്നിവ ഇതിലുണ്ടാകും.
മാനുവൽ എൻട്രി വഴിയുള്ള പരിശോധന
1. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെബ്‌സൈറ്റ് സന്ദർശിച്ച് ‘നിങ്ങളുടെ സമൻസ് വെരിഫൈ ചെയ്യുക’ തിരഞ്ഞെടുക്കുക.
2. സമൻസ് നമ്പറും പാസ്‌കോഡും നൽകുക.
3. ശരിയാണെങ്കിൽ, വെബ്സൈറ്റിൽ സമൻസിലുള്ള കാര്യങ്ങളുണ്ടാകും.
വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഒഴികെ സമൻസ് അയച്ച് 24 മണിക്കൂറിനുശേഷം പരിശോധന സാധ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.















