ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് ചൈനീസ് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ആയുധങ്ങൾ എത്തിക്കുന്നതിന് ഇവർ ഡൽഹിയിലെ രോഹിണിയിൽ എത്തിയിരുന്നു. ആയുധക്കടത്ത് സംഘത്തെ പിടികൂടുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ പദ്ധതിയിട്ടു.
അന്വേഷണത്തിനിടെ ഒരു സ്വിഫ്റ്റ് കാർ ഉദ്യോഗസ്ഥർ തടഞ്ഞു. രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ പരിശോധിച്ചപ്പോൾ സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ബാഗ് കണ്ടെത്തി. വിദേശനിർമിത പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് രണ്ട് പേർക്ക് കൂടി ഇതിൽ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്.
പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിൽ നിന്ന് പാകിസ്ഥാൻ അതിർത്തിയിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ കൈമാറാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി.















