ന്യൂഡൽഹി: സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും നാളെ ഇന്ത്യയുടെ ഭാഗമായേക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തികൾ മാറിയിരിക്കാമെന്നും പക്ഷേ സിന്ധ് എന്നും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്ധുനദിക്ക് സമീപത്തുള്ള സിന്ധ് പ്രവിശ്യ പാകിസ്ഥാനിലേക്ക് പോയി. അവിടെ താമസിച്ചിരുന്ന സിന്ധി ജനത ഇന്ത്യയിലേക്ക് വന്നു. സിന്ധ് മേഖലയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നത് എൽ കെ അദ്വാനിയെപ്പോലുള്ള നേതാക്കൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
സിന്ധുനദിയെ പവിത്രമായി കാണുന്ന സിന്ധിലെ ജനങ്ങൾ എന്നും നമ്മുടേതായിരിക്കും. അവർ എല്ലായ്പ്പോഴും നമ്മുടേത് തന്നെയായിരിക്കും. ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ സാംസ്കാരികമായി എല്ലാക്കാലവും സിന്ധ് ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















