തിരുവനന്തപുരം: മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്. 50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകാത്തതിനാണ് യുവാവ് മാതാപിതാക്കളെ ആക്രമിച്ചത്. മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. ആഢംബര ജീവിതത്തിന് പണം ആവശ്യപ്പെട്ട് യുവാവ് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. മുൻപ് കുടുംബം വായ്പയെടുത്ത് യുവാവിന് 12 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി നൽകിയിരുന്നു. തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളെ ഉപദ്രവിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കാൻ യുവാവ് ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.
പിതാവ് വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. വഞ്ചിയൂരിൽ കുടുംബം വാടകയ്‌ക്കാണ് താമസിക്കുന്നത്. ബംഗളൂരുവിൽ കാറ്ററിങ് ടെക്‌നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് വിനയാനന്ദന്റെ ഏകമകാണ്. അനുപമയാണ് അമ്മ.















