ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വയസ് തികയുന്നു.

അന്നൊരു നവംബർ 26-നായിരുന്നു പത്ത് പേരടങ്ങിയ ഭീകരസംഘം മുംബൈ നഗരത്തിൽ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ കൊടീയ ആക്രമണത്തിൽ പൊലിഞ്ഞത് 166 പേരുടെ ജീവൻ. ഭീകരാന്തരീഷം ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ ചുവടെ.

ഓർത്തെടുക്കാൻ കഴിയാത്ത, നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു നഗരവീഥികളിൽ കാണേണ്ടിവന്നത്. 2008-ൽ നടന്ന ആക്രമണം ഇന്ത്യയെ മാത്രമല്ല, ലോകത്തുടനീളം ഞെട്ടലുണ്ടാക്കിയിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെ ഭീകരതയ്‌ക്ക് ഇരകളായി. പത്ത് അക്രമികളിൽ ഒമ്പത് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്‌ത്തി. കൂട്ടത്തിലുണ്ടായിരുന്ന പാക് ഭീകരൻ മുഹമ്മദ് അജ്മൽ അമീറിനെ പിടികൂടിയിരുന്നു.

ഛത്രപതി ശിവാജി ടെർമിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ് തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളാണ് അക്രമികൾ ലക്ഷ്യമിട്ടത്.

60 മണിക്കൂർ നീണ്ട ഈ ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. നഗരവീഥികൾ ചോരപ്പുഴയായി. എങ്ങും നിലവിളികളും ആംബുലൻസുകളുടെ ഒച്ചയും മാത്രമായിരുന്നു.
ഭാരതീയന്റെ നെഞ്ചിൽ കനൽ തൂകിയ ദിവസമായിരുന്നു അത്. വേദനയോടെയല്ലാതെ ആർക്കും ആ ദിവസത്തെ കുറിച്ച് ഓർമിക്കാനാവില്ല.
















