ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ അൽഫലാഹ് സർവകലാശാലയുടെ പരിസരത്തുള്ള ഭൂഗർഭ മദ്രസ നിരീക്ഷണത്തിൽ. സർവകലാശാലയിൽ നിന്ന് 900 മീറ്റർ അകലെയാണ് ഭൂഗർഭ മദ്രസ സ്ഥിതിചെയ്യുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഭീകരബന്ധങ്ങളും അന്വേഷിച്ചുവരികയാണ്.
ഫാരീദാബാദിലെ ധൗജി എന്ന ഗ്രാമത്തിൽ സർവകലാശാലയുടെ പരിസരത്തായി പൂർണമായും ഒറ്റപ്പെട്ട പ്രദേശത്താണ് മദ്രസ സ്ഥിതിചെയ്യുന്നത്. ചെറിയ ഉയരത്തിലാണ് മദ്രസ നിർമിച്ചിരിക്കുന്നത്. ഇത് മറ്റ് മദ്രസകളിൽ നിന്നും വ്യത്യസ്തമാണെന്നും കൂടുതൽ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മദ്രസയ്‌ക്ക് ആവശ്യമായ ഫണ്ടിന്റെ സ്രോതസ്, സംഭാവന നൽകിയവർ എന്നിവരെ കുറിച്ചും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ മുസമിലും മദ്രസയ്‌ക്കായി പണം നൽകിയിട്ടുണ്ട്.
സർവകലാശാലയിലെ വിദ്യാർത്ഥികൾ പലപ്പോഴും മദ്രസയിലേക്ക് വരാറുണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകി. അടുത്തിടെ മദ്രസയിൽ എത്തിയവരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ മുസമിലിന് വീട് വാടകയ്‌ക്ക് നൽകിയ കുടുംബത്തെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.















