പനാജി : 56-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFI) അവാർഡ് ദാന ചടങ്ങിൽ, ഇതിഹാസ നടൻ രജനീകാന്തിന് ആദരം.ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ സമാപന ചടങ്ങിലായിരുന്നു 50 വർഷത്തെ സിനിമാ ജീവിതത്തിലെ നേട്ടങ്ങൾക്ക് അദ്ദേഹത്തെ ആദരിച്ചത്. മികച്ച സിനിമകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
സിനിമയിലെ 50 വർഷത്തെ നാഴികക്കല്ല് പിന്നിട്ട രജനീകാന്തിനെ ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും, കേന്ദ്രമന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രി ഡോ. എൽ. മുരുഗനും ചേർന്നാണ് ആദരിച്ചത്. ഋഷഭ് ഷെട്ടിയെ യക്ഷഗാന കലാകാരി വിദ്യ കോളിയൂർ ആദരിച്ചു .
വിയറ്റ്നാമീസ് സംവിധായകൻ ആഷ് മേഫെയറിന്റെ ‘സ്കിൻ ഓഫ് യൂത്ത്’ അന്താരാഷ്‌ട്ര വിഭാഗത്തിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം മറാത്തി ത്രില്ലർ ചിത്രമായ ‘ഗോണ്ടൽ’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സംവിധായകൻ സന്തോഷ് ദവാകഹറിനും, മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇന്ത്യൻ ഫീച്ചർ ചിത്രമായ ‘കേസരി 2’ എന്ന ചിത്രത്തിലൂടെ കരൺ സിംഗ് ത്യാഗിക്കും IFFI 2025-ൽ ലഭിച്ചു.
മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പീക്കോക്ക് അവാർഡ്, “സ്കിൻ ഓഫ് യൂത്ത്” എന്ന ചിത്രത്തിന് സംവിധായകൻ ആഷ് മേഫെയറിനും നടി ട്രാൻ ക്വാനും, ഐ&ബി സഹമന്ത്രി ഡോ. എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, ഐ&ബി സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ഐസി ജൂറി ചെയർപേഴ്‌സൺ ഓംപ്രകാശ് മെഹ്‌റ എന്നിവർ ചേർന്ന് സമ്മാനിച്ചു.















