മോസ്കോ: കരിങ്കടലിൽ റഷ്യൻ എണ്ണ കപ്പലുകൾക്ക് നേരെ യുക്രെയിന്റെ ഡ്രോണാക്രമണം. വെള്ളിയാഴ്ച രാത്രി ഗാംബിയയിലേക്ക് പോകുകയായിരുന്ന വിരാട്, കൈറോസ് എന്നീ രണ്ട് റഷ്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് തുർക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരമുണ്ടായത്. രണ്ട് കപ്പലിലെയും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും ഒരു കപ്പൽ മുങ്ങാനുള്ള സാധ്യത കൂടുതലാണെന്നും തുർക്കി അറിയിച്ചു.
അണ്ടർ വാട്ടർ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു റഷ്യൻ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. പാശ്ചാത്യ ഉപരോധം മറികടന്നു കൊണ്ട് എണ്ണ രഹസ്യമായി കടത്തിയ കപ്പലുകളാണിതെന്നാണ് യുക്രൈയിന്റെ വാദം. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടില്ല.
രണ്ട് കപ്പലുകളും റഷ്യയുടെ “ഷാഡോ ഫ്ലീറ്റിന്റെ” ഭാഗമാണെന്ന് റിപ്പോർട്ടുണ്ട്. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന നൂറുകണക്കിന് രഹസ്യ ടാങ്കറുകളെയാണ് പദം സൂചിപ്പിക്കുന്നത്. ഷാഡോ ഫ്ലീറ്റിൽ ഭൂരിഭാഗവും പഴക്കം ചെന്ന ടാങ്കറുകളാണ്, അവയിൽ പലതിനും ഉടമസ്ഥാവകാശമോ ഇൻഷുറൻസോ ഇല്ല. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഉപരോധങ്ങൾക്ക് വിധേയമായ കപ്പലുകളുടെ പട്ടികയിലാണ് ഇവ രണ്ടും.















